പ്രതിഷേധം

പ്രതിഷേധം

തെലങ്കാനയിൽ ക്രിസ്ത്യൻ സ്ത്രീകളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിൻ്റെ വൈറലായ വീഡിയോയെ തുടർന്ന്  മീർപേട്ട്, ബദങ്പേട്ട് പ്രദേശങ്ങളിൽ പ്രതിഷേധം ശക്തം

തെലങ്കാന : ബൈബിൾ ലഘു ലേഖകൾ വിതരണം ചെയ്തു കൊണ്ടിരുന്ന രണ്ട് ക്രിസ്ത്യൻ സ്ത്രീകളെ സുവിശേഷ വിരോധികൾ ക്രൂരമായി മർദ്ദിച്ചു. സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ തെലങ്കാന പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ അൽമാസ്ഗുഡയിൽ ഡോ. ബി.ആർ. അംബേദ്കർ പ്രതിമയ്ക്ക് സമീപമാണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ട് ക്രിസ്ത്യൻ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുകയും വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ മാസമാണ് സംഭവം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രദേശവാസികളായ ആളുകൾ  സ്ത്രീകളുടെ മുഖത്ത് ശക്തിയോടെ മർദ്ദിച്ചത്.

മതപരമായ പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്ത് മതപരിവർത്തനത്തിനു ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.   സ്ത്രീകൾ ആരോപണങ്ങൾ നിഷേധിച്ചു, ഒരു ബന്ധുവിനെ കാണാൻ വേണ്ടിയാണ് തങ്ങൾ ആ സ്ഥലത്ത് എത്തിയത് എന്നു പറഞ്ഞിട്ടും ഉപദ്രവിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, ഒരു പുരുഷൻ സ്ത്രീകളെ ആവർത്തിച്ച് അടിക്കുകയും വാക്കുകളാൽ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കാണാം. പുരുഷന്മാർ, അവരുടെ ബാഗുകളിൽ എന്താണ് എന്ന് ചോദ്യം ചെയ്തു കൊണ്ട് ബലമായി ബാഗ് പിടിച്ചു വാങ്ങി പരിശോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തെലങ്കാന മുൻ മന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎയുമായ സബിത ഇന്ദ്ര റെഡ്ഡി ആക്രമണത്തെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. മതപരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാതികൾ അക്രമത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ അല്ല, ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങളിലൂടെ പരിഹരിക്കണമെന്ന് അവർ പറഞ്ഞു.

ക്രിസ്ത്യൻ നേതാക്കളും സിവിൽ സൊസൈറ്റി പ്രതിനിധികളും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും സ്ത്രീകൾക്ക് മതിയായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു.  മതപരിവർത്തന ആരോപണങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തലും അക്രമവും ന്യായീകരിക്കുന്നതിൽ ക്രിസ്ത്യൻ സംഘടനകൾക്കിടയിൽ ഈ സംഭവം വീണ്ടും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഏതൊരു പരാതിയും അധികാരികൾ അന്വേഷിക്കണമെന്നും ശാരീരിക ആക്രമണമോ പൊതു അവഹേളനമോ ന്യായീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ വാദിച്ചു.