ഏഷ്യാ പസഫിക് ഇവാഞ്ചലിസം കോർഡിനേറ്റർ
പാസ്റ്റർ റോയ് ഡാനിയേൽ മാത്യു
തിരുവല്ല: അമേരിക്കയിലെ ക്ലീവ്ലാൻഡ്, ടെന്നസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ (Church of God World Missions) ഏഷ്യാ പസഫിക് മേഖലയിലെ സുവിശേഷീകരണ പ്രവർത്തനങ്ങളുടെ കോർഡിനേറ്ററായി (Coordinator of Evangelism – Asia Pacific) ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാസ്റ്റർ റോയ് ഡാനിയേൽ മാത്യു നിയമിതനായി.
കാൽനൂറ്റാണ്ടിലേറെയായി സുവിശേഷീകരണ പ്രവർത്തന മേഖലയിലും സഭാനേതൃത്വത്തിലും സജീവസാന്നിധ്യമായ അദ്ദേഹത്തിന് ലഭിച്ച ഈ നിയമനം അന്തർദേശീയ സുവിശേഷീകരണ രംഗത്ത് ലഭിച്ച ഈ പദവി ഒരു മലയാളിയായ ദൈവദാസന് ആദ്യമായി ലഭിക്കുന്ന സുപ്രധാന നേതൃത്വ ഉത്തരവാദിത്വമാണ്.
ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ഏഷ്യാ പസഫിക് ഫീൽഡ് ഡയറക്ടർ ബിഷപ്പ് ഡോ. ആൻഡ്രൂ ബിൻഡയുടെ നേതൃത്വത്തിലും മാർഗ നിർദേശത്തിലുമായിരിക്കും പുതിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക. വിവിധ രാജ്യങ്ങളിലെ സുവിശേഷീകരണ പ്രവർത്തനങ്ങളുടെ ഏകോപനം, സഭാനേതൃത്വങ്ങളുമായുള്ള സഹകരണം, മിഷൻ പ്രവർത്തനങ്ങളുടെ ശാക്തീകരണം, സഭാവളർച്ചയ്ക്കായുള്ള പദ്ധതികളുടെ പ്രോത്സാഹനം എന്നിവയാണ് പ്രധാന പ്രവർത്തനമേഖലകൾ.
നിലവിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ കരീബിയൻ ഫീൽഡ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് ഡോ. വില്യം ലീ, അമേരിക്കയിലെ അലബാമയിൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ ബിഷപ്പ് ഫ്രെഡ്ഡി എഡ്വേർഡ് എന്നിവരുടെ ശുപാർശയെത്തുടർന്ന്, 2015 ൽ അന്നത്തെ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ഡയറക്ടറായിരുന്ന ഡോ. ടിം ഹിൽ, അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ ഓർലാൻഡോയിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ പാസ്റ്റർ റോയ് ഡാനിയേൽ മാത്യുവിനെയും ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡിനെയും അന്തർദേശീയ ചർച്ച് ഓഫ് ഗോഡ് സഭാസംവിധാനത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും അതിന്റെ ഭാഗമാക്കുകയും ചെയ്തു.
ഈ ചരിത്രപരമായ കൂടിക്കാഴ്ച ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡിന്റെ അന്തർദേശീയ സഭാബന്ധങ്ങളുടെയും മിഷൻ സഹകരണത്തിന്റെയും പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.
കഴിഞ്ഞ 25 വർഷത്തിലേറെയായി സുവിശേഷീകരണം, സഭാസ്ഥാപനം, ആത്മീയ നേതൃത്വവികസനം, മിഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പാസ്റ്റർ റോയ് ഡാനിയേൽ മാത്യു, കേരളത്തിലെ പെന്തെക്കോസ്ത് സമൂഹത്തിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്കും സുവിശേഷ മഹായോഗങ്ങളുടെയും വിജയകരമായ സംഘാടനത്തിലൂടെ നേതൃത്വപാടവം തെളിയിച്ച വ്യക്തിത്വമാണ്.
കേരള പെന്തക്കോസ്തു സഭാ ചരിത്രത്തിൽ നൂതനമായ ആശയ സംവിധാനത്തിലൂടെ അനേകരുടെ ശ്രദ്ധ ആകർഷിക്കപ്പെട്ടതും പിന്നീട് പല സഭാ നേതൃത്വങ്ങൾ മാതൃക ആക്കിയതുമായ ആത്മീയ സമ്മേളനങ്ങൾ വിവിധ സഭാവിഭാഗങ്ങളെയും ആത്മീയ നേതൃത്വങ്ങളെയും വിശ്വാസസമൂഹങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് വിപുലമായ സംഘടിപ്പിച്ചിട്ടുള്ള അദ്ദേഹം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സഭാസ്ഥാപനത്തിനും സുവിശേഷ വ്യാപനത്തിനും നേതൃത്വം നൽകികൊണ്ടിരിക്കുന്നു.
ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, അമേരിക്കയിലെ ക്ലീവ്ലാൻഡ് ആസ്ഥാനമായുള്ള ചർച്ച് ഓഫ് ഗോഡിന്റെ ഫ്ലോറിഡാ സ്റ്റേറ്റിന്റെ ഭരണസംവിധാനത്തിനു കീഴിൽ ബിഷപ്പ് ഓർഡിനേഷൻ ലഭിച്ച ശുശ്രൂഷകനാണ്.
തലമുറകളായി തുടരുന്ന സമ്പന്നമായ സുവിശേഷ ശുശ്രൂഷാപാരമ്പര്യത്തിന്റെ പിൻഗാമിയാണ് പാസ്റ്റർ റോയ് ഡാനിയേൽ മാത്യു. അദ്ദേഹത്തിന്റെ പിതാവായ പാസ്റ്റർ ഡാനിയേൽ മാത്യുവാണ് ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപകൻ.
പിതാമഹനായ പാസ്റ്റർ എം. എം. മത്തായി, മാതൃ പിതാവായ പാസ്റ്റർ ഡി. സാമുവൽ (ആശാനുപദേശി) എന്നിവർ കുടുംബത്തിന്റെ ആത്മീയ ശുശ്രൂഷാപാരമ്പര്യത്തിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളാണ്. ഇരുവരും അരനൂറ്റാണ്ടിലേറെക്കാലം സുവിശേഷ ശുശ്രൂഷയ്ക്കായി ജീവിതം സമർപ്പിച്ച ആത്മീയ ശുശ്രൂഷകരായിരുന്നു.
ഭാര്യ: ജ്യോതി റോയ്. മക്കൾ: റുഡോൾഫ് ഡാനിയൽ റോയ്, ജെന്നിഫർ നൈനാ റോയ്, ജെസ്രിയേൽ നെഹനാ റോയ്.

