പാസ്റ്റർ കൊല്ലപ്പെട്ടു
ബറ്റാല/പഞ്ചാബ്: ഗുരുദാസ്പൂർ ജില്ലയിലെ ബറ്റാലയിൽ ലഡ്ഡി എന്ന പാസ്റ്റർ ബൽവിന്ദർ പാൽ പോൾ (45) കൊല ചെയ്യപ്പെട്ടു. ഇന്ന് (ഒക്ടോബർ 8) രാവിലെ 9 മണി കഴിഞ്ഞ് അജ്ഞാതരായ ആളുകൾ പാസ്റ്റർ ഒറ്റയ്ക്കായിരുന്ന സമയം വീട്ടിൽ അതിക്രമിച്ചു കയറി മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ കുടുംബാംഗങ്ങൾ ബൽവിന്ദർ പാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബറ്റാല നഗരത്തിലെ ഗാന്ധി ക്യാമ്പ് പ്രദേശത്തെ താമസക്കാരനായിരുന്നു ബൽവീന്ദർ പാൽ പോൾ. സ്വന്തം ഭവനത്തിൽ തന്നെയാണ് പാസ്റ്റർ സഭ നടത്തിയിരുന്നത്. സമീസ്ഥലങ്ങളിൽ നിന്നും വിശ്വാസികൾ പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും പങ്കെടുക്കുമായിരുന്നു.
കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. പാസ്റ്റർക്ക് ആരുമായും ശത്രുതയോ മുൻകാല വൈരാഗ്യമോ ഉണ്ടായിരുന്നില്ല എന്ന് കുടുംബാംഗങ്ങൾ (അദ്ദേഹത്തിന്റെ സഹോദരൻ മൊഹിന്ദർ പാൽ ഉൾപ്പെടെ) പറഞ്ഞു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുന്നു. സംഭവത്തെ തുടർന്ന് പ്രതികൾ ഓടിപ്പോകുന്നത് സിസിടിവിയിൽ കാണാം. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യവും സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് ലഖ്വീന്ദർ സിംഗ് പറഞ്ഞു.
വളരെ ദുഖകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. ദൈവജനം പ്രാർത്ഥിക്കുക.

