മതപരിവർത്തനം

മതപരിവർത്തനം

മുംബൈ : നിർബന്ധിത മതപരിവർത്തനം ജാമ്യമില്ലാത്ത കുറ്റമാക്കി മഹാരാഷ്ട്ര. ഇതോടെ മതപരിവർത്തന നിരോധന നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. നിർബന്ധിച്ചോ, വഞ്ചന, പ്രലോഭനം എന്നിവയിലൂടെയോ, വിവാഹ വാഗ്ദാനം നൽകിയോ ഉള്ള മതപരിവർത്തനം തടയുന്നതാണു നിയമം. നിയമലംഘിച്ചാൽ 7 വർഷം വരെയും, ആവർത്തിച്ചാൽ 10 വർഷം വരെയും തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നു. മതം മാറുന്നതിന് 60 ദിവസം മുൻപ് ജില്ലാ മജിസ്‌ട്രേ‌ട്ടിനെ അറിയിക്കണം. മതം മാറുന്നയാളിന്റെ മാതാപിതാക്കൾക്കോ, സഹോദരങ്ങൾക്കോ, മറ്റ് ബന്ധുക്കൾക്കോ പരാതി നൽകാൻ അവസരമുണ്ടാകും.

മതപരിവർത്തന നിരോധന നിയമം നടപ്പാക്കുന്ന രാജ്യത്തെ 13–ാം സംസ്ഥാനമാണ് മഹാരാഷ്ട്ര. നിയമപരമായ മാർഗത്തിലൂടെയല്ല മതംമാറ്റം നടന്നതെന്ന് ആക്ഷേപമുയർന്നാലും, വിവാഹിതരാകുന്ന ദമ്പതിമാരുടെ കുടുംബാംഗങ്ങൾ ആരെങ്കിലും പരാതി ഉന്നയിച്ചാലും പരിശോധിച്ച് നടപടിയെടുക്കും. മതംമാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട ബാധ്യത അതു ചെയ്യുന്ന വ്യക്തിക്കും സഹായിക്കുന്നവർക്കുമായിരിക്കും.

മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുൻപ് ജില്ലാ മജിസ്‌ട്രേട്ടിന് നോട്ടിസ് നൽകുന്നതിനു പിന്നാലെ അത് പരസ്യപ്പെടുത്തുകയും 30 ദിവസത്തിനകം പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങളും പരാതികളും ക്ഷണിക്കുകയും ചെയ്യും. തുടർന്ന് പൊലീസ് അന്വേഷണം നടത്തി ബോധ്യപ്പെട്ടാൽ മാത്രമേ അനുമതി ലഭിക്കൂ. കൂടാതെ, മതപരിവർത്തന ചടങ്ങ് കഴിഞ്ഞ് 21 ദിവസത്തിനകം ഇതിന് നേതൃത്വം നൽകിയവർ അധികൃതർക്ക് ഔദ്യോഗിക വിവരം നൽകിയില്ലെങ്കിൽ മതംമാറ്റം അസാധു വാകും. കുടുംബാംഗങ്ങൾ എതിർപ്പ് ഉന്നയിക്കുന്ന മിശ്രവിവാഹങ്ങളിലെ മതപരിവർത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും.