നിര്യാതയായി
തിരുവല്ല/എടത്വാ: കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം.
ഒന്നാം വിവാഹ വാർഷികാഘോഷത്തിന് ജോലി സ്ഥലത്തുനിന്ന് വീട്ടിലേയ്ക്ക് പുറപ്പെട്ട യുവതിക്കാണ് വഴിമദ്ധ്യേ കെഎസ്ആർടിസി ബസ് കയറി ദാരുണാന്ത്യം സംഭവിച്ചത്.
എടത്വാ വെള്ളക്കിണർ ഐപിസി സഭാംഗം കുന്തിരിക്കൽ കണിച്ചേരിൽചിറ മെറീന (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടുകൂടി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ കേളമംഗലത്തു വെച്ചാണ് അപകടം. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. വടശ്ശേരിക്കര കളയപുരം ചർച്ച് ഓഫ് ഗോഡ് ആനപ്പാറ സഭാംഗമായ പാസ്റ്റർ എം. കെ റെജിയുടെ മകളാണ്.
എറണാകുളം മാതാ അമ്യതാനന്ദമയി ആശുപത്രിയിൽ നേഴ്സായി ജോലി നോക്കുന്ന മെറീന 14 ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിനായി വീട്ടിലേയ്ക്ക് പുറപ്പെട്ടതാണ്. അമ്പലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ ട്രയിനിൽ എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ. ശാന്തൻ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷാനോ കെ. ശാന്തനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. എടത്വാ പോലീസ് മേൽനടപടി സ്വീകരിച്ചു.

