ക്രിസ്ത്യനായ കരസേനാ ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു

ക്രിസ്ത്യനായ കരസേനാ ഉദ്യോഗസ്ഥനെ  പുറത്താക്കിയ നടപടി  സുപ്രീം കോടതി  ശരിവച്ചു

കലഹപ്രിയനായ ഉദ്യോഗസ്ഥൻ സേനയ്ക്ക് അനുയോജ്യനല്ലെന്ന് കോടതി

ന്യൂഡൽഹി: ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചതിന് പിന്നാലെ 2021-ൽ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട കരസേനാ ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സഹപ്രവർത്തകൻ എന്ന നിലയിൽ സിഖ് പട്ടാളക്കാരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ ശ്രമിക്കാത്ത സേനാ ഉദ്യോഗസ്ഥനെ കലഹപ്രിയൻ എന്നും സൈനികനാവാൻ അയോഗ്യനെന്നുമാണ് സുപ്രീം കോടതി വിമർശിച്ചത്. മികച്ച അച്ചടക്കം പാലിക്കേണ്ട സൈനിക ഉദ്യോഗസ്ഥൻ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന സന്ദേശം എന്താണ് ? ഇയാളെ പുറത്താക്കേണ്ടത് തന്നെയാണ്. ഇത്തരം കലഹപ്രിയരെ സൈന്യത്തിന് ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സാമുവൽ കമലേശൻ എന്ന മുൻ സൈനിക ഉദ്യോഗസ്ഥനാണ് സേനയിൽ നിന്ന് പുറത്താക്കിയതിനെതിരെ കോടതിയെ സമീപിച്ചത്.

സാമുവൽ മികച്ച ഉദ്യോഗസ്ഥനായിരിക്കാം എന്നാൽ ഇന്ത്യൻ ആർമിക്ക് അയോഗ്യനാണ് എന്നാണ് കോടതി വിശദമാക്കിയത്. നിലവിൽ സേനയ്ക്കുള്ള നിരവധിയായ ഉത്തരവാദിത്തങ്ങൾക്കിടെ ഇത്തരം സംഭവങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. 3 കാവൽറി രജിമെന്റിൽ (3rd Cavalry Regiment) ലഫ്റ്റനൻ്റ് പദവിയായിരുന്നു സാമുവൽ കമലേശൻ വഹിച്ചിരുന്നത്. അച്ചടക്ക ലംഘനത്തിന്റെ പേരിൽ ആണ് സാമുവലിനെ സൈന്യത്തിൽ നിന്ന് പുറത്താക്കിയത്. ഗുരുദ്വാരയിൽ പൂജയ്ക്കായി എത്താനുള്ള കമാൻഡിംഗ് ഓഫീസറുടെ നിർദ്ദേശം സാമുവൽ നിരാകരിച്ചിരുന്നു. പൂജ ചെയ്യുന്നത് തന്റെ ക്രിസ്തീയ വിശ്വാസങ്ങളെ ബാധിക്കുമെന്ന് വിശദമാക്കിയായിരുന്നു സാമുവലിന്റെ നിലപാട്. മെയ് മാസത്തിൽ ദില്ലി ഹൈക്കോടതി സാമുവലിനെതിരായ സേനാ നടപടി ശരിവച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശം അനുസരിക്കാത്തത് അച്ചടക്ക ലംഘനമാണെന്ന് വ്യക്തമാക്കി ആയിരുന്നു ഇത്.