പാസ്റ്റർമാർക്കെതിരെ കേസ്
ജയ്പൂർ: മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ രണ്ട് മലയാളി പാസ്റ്റർമാർക്കെതിരെ കേസ്. നവംബർ 20 ന് കോട്ട ജില്ലയിലെ ബോർഖേര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കോട്ടയിൽ പ്രവർത്തിക്കുന്ന ബേർശേബാ ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ അരുൺ ജോൺ, സിയോൺ ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ സ്ഥാപകൻ പാസ്റ്റർ ചാണ്ടി വർഗീസ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. രാജസ്ഥാനിൽ അടുത്തിടെ നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസാണിത്.
ബേർശേബാ സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 4 മുതൽ 6 വരെ ആത്മിക് സത്സംഗ് എന്ന പേരിൽ നടന്ന കൺവൻഷനിൽ ഡൽഹിയിൽ നിന്നും പാസ്റ്റർ ചാണ്ടി വർഗീസും അദ്ദേഹത്തിൻ്റെ ടീമും എത്തിയിരുന്നു. രാജസ്ഥാനിൽ ക്രിസ്തുമതം വർദ്ധിക്കാൻ പോകുന്നു, രാജസ്ഥാനിലെ ജനങ്ങൾ പാപത്തിന്റെ ബന്ധനങ്ങളിൽ നിന്ന് മോചിതരാകും, രാജസ്ഥാനിൽ സാത്താൻ വാഴുന്നു. ഇതിനെല്ലാം മാറ്റം വന്ന് ഇവിടെ ക്രിസ്തുമതം നടപ്പിലാക്കുന്നതിലൂടെ യേശുവും ക്രിസ്തുമതവും ഭരിക്കും’ എന്നിങ്ങനെ പ്രസംഗിച്ചും ആളുകളെ സ്നാനപ്പെടുത്തി മതപരിവർത്തനത്തിന് പ്രേരിപ്പിച്ചുവെന്നുമാണ് പാസ്റ്റർമാർക്കെതിരെയുള്ള പരാതിക്കാരുടെ ആരോപണം.
ജോണിനും വർഗീസിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടത്തിവരികയാണ്, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് ബോർഖേര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ദേവേഷ് ഭരദ്വാജ് പറഞ്ഞു. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് മതപരിവർത്തന ആരോപണങ്ങൾ ഉയർന്നുവന്നതെന്നും ഭരദ്വാജ് കൂട്ടിച്ചേർത്തു.
അതേ സമയം പാസ്റ്റർമാർ ആരോപണങ്ങൾ നിഷേധിക്കുകയും പരിപാടിയിൽ ഒരു മതപരിവർത്തനവും നടന്നിട്ടില്ലെന്ന് പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ പാസ്സാക്കിയ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിൽ കുറ്റവാളികൾക്ക് 14 വർഷം, 20 വർഷം, ജീവപര്യന്തം തടവ് എന്നിവ ഉൾപ്പെടെയുള്ള ദീർഘകാല തടവ് ശിക്ഷയും 50 ലക്ഷം രൂപ വരെ പിഴയും ചുമത്താനുള്ള കഠിന വ്യവസ്ഥകളും ഉണ്ട്.
ബിഎൻഎസിന്റെ സെക്ഷൻ 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അപമാനിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദ്രോഹപരവുമായ പ്രവൃത്തികൾ) സെക്ഷൻ 3 ഉം 5 ഉം പ്രകാരം കേസെടുക്കാവുന്ന നിയമമാണ് മതപരിവർത്തന നിരോധന നിയമം.

