ക്രൈസ്തവർക്കെതിരെ അക്രമം

ക്രൈസ്തവർക്കെതിരെ അക്രമം

ന്യൂഡൽഹി: ഹരിയാനയിലെ റോഹ്തക് ജില്ലയിൽ ക്രിസ്ത്യാനികൾക്ക് നേരെ ഹിന്ദുത്വ വാദികളുടെ (ആര്യ സമാജ്) ആക്രമണം. പ്രാർഥനക്കായി ഒത്തുകൂടിയ വിശ്വാസികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൈയേറ്റം ചെയ്യുകയും ബൈബിൾ പിടിച്ചെടുത്ത് കത്തിക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിശ്വാസികളിൽ ഒരാൾക്ക് പെട്രോൾ നൽകി ബൈബിൾ കത്തിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

പുറത്തുവന്ന വിഡിയോയിൽ, ക്രിസ്ത്യാനികൾ രാജ്യദ്രോഹികളാണെന്നും അവരുടെ ഗ്രന്ഥങ്ങൾ വൃത്തിക്കെട്ടതാണെന്നും പറയുന്നത് കേൾക്കാം. ‘ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ച് വിശ്വാസികളെ കൊണ്ടു തന്നെ ബൈബിൾ കത്തിക്കാൻ നിർബന്ധിക്കുന്നത് കാണാം. മാത്രമല്ല,  തങ്ങളുടെ വിശ്വാസത്തെ അപലപിക്കാനും തള്ളിപ്പറയാനും അത് എഴുതി കൊടുക്കാനും പ്രേരിപ്പിച്ചു. ഖുർആനിലും ബൈബിളിലും അവിശ്വാസം പ്രഖ്യാപിച്ച അക്രമികൾ ആരെയും അവ കൈവശം വയ്ക്കാൻ അനുവദിക്കുകയുമില്ലെന്ന് പറഞ്ഞു.

റോഹ്തക് ഒരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തിടെ ക്രിസ്ത്യൻ സമൂഹത്തിന് നേരെ നിരവധി തവണയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹിന്ദുത്വവാദികൾ ആക്രമണം നടത്തിയത്. നിർബന്ധിത മതംമാറ്റം ആരോപിച്ച് ഉത്തരേന്ത്യയിൽ വൈദികന്മാരും പാസ്റ്റർമാരും ആക്രമിക്കപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്.

അടുത്തിടെയാണ് ഛത്തീസ്ഗഢിലെ ഗ്രാമങ്ങളിൽ ‘ക്രിസ്ത്യൻ പാസ്റ്റർമാർക്കും മതംമാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനമില്ല’ എന്ന ബോർഡുകൾ ഉയർന്നത്. ബോർഡുകൾ സ്ഥാപിച്ചതിനെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളുകയും ചെയ്തിരുന്നു. ബോർഡുകൾ സ്ഥാപിച്ച സംഭവം, വർഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമാണെന്ന് സിറോ മലബാർ സഭ ആരോപിച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായ ഈ പ്രവൃത്തികൾ, ഭരണഘടനയുടെ ആർട്ടിക്കിൾ 25, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ്.

വീഡിയോ ദൃശ്യം👇

https://twitter.com/i/status/1989034470255841738