വചന ധ്യാനം

വചന ധ്യാനം

കാരാഗ്രഹങ്ങളും തടവറമുറികളും അങ്ങേയറ്റം ശോകമൂകമാണ്….അസഭ്യം പറച്ചിലുകളുടെയും സ്വയം വെറുക്കലുകളുടെയും ഇടം….ആശാഭംഗം സംഭവിച്ചു പ്രതീക്ഷകളുടെ തിരിനാളങ്ങളെല്ലാം കെട്ടടങ്ങിയ ഒരിടം…തടവറ മുറികള്‍ അതിലെ പാര്‍പ്പുകാരെ നിര്‍ജ്ജീവ ജീവികളാക്കി മാറ്റും. അവിടേക്ക് പ്രവേശിക്കുന്നവര്‍ ആരും തന്നെ പിടിവിട്ട മാനസിക നിലയിലേക്ക് നയിക്കപ്പെടുകയാണ് പതിവ്..!!

പക്ഷെ ദൈവത്തിന്റെ സ്വപ്നവാഹകനായ ജോസഫിനെ അന്യായം ചുമത്തി തടവറ മുറിക്കകത്തേക്ക് തള്ളി. ശോക മൂകമായിരിക്കുന്നതും ചെന്നുവീഴുന്നവന്റെ മാനസീക നില തല്ലിതകര്‍ക്കുന്നതുമായ അസഭ്യ സംസാരക്കാരായ സഹതടവുകാരുടെ ഇടയിലേക്ക് അവന്‍ തടവുപുള്ളിയായി എത്തി. പക്ഷെ ദൈവത്തിന്റെ സ്വപ്നവാഹകന്‍ കാരാഗ്രഹത്തില്‍ എത്തിയതും കരാഗ്രഹാന്തരീക്ഷം മാറുവാന്‍ തുടങ്ങി. ഇപ്പോള്‍ ജോസഫിനെ ഇട്ട കാരാഗൃഹം സ്വപ്നവ്യാഖ്യാനത്തിന്റെ ഇടമായി മാറുകയാണ്….!!

ദൈവകൃപയും അഭിഷേകവും ഉള്ളവന്‍റെ പാദസ്പര്‍ശം തടവറ മുറികളുടെ അന്തരീക്ഷങ്ങളെ മുഴുവന്‍ മാറ്റിമറിക്കും!!

വാസയോഗ്യമല്ലാത്ത വീട്ടിലും, തുടരുവാന്‍ കഴിയാത്ത ഏറ്റവും മോശമായ പരിതസ്ഥിതികളിലും, പൊരുത്തപ്പെട്ടുപോകുവാന്‍ കഴിയാത്ത ഏതു കഠിന സാഹചര്യങ്ങളിലും നമ്മിലെ ദൈവസാനിധ്യവും ദൈവകൃപയും ആ അന്തരീക്ഷങ്ങളെ പരിവര്‍ത്തനം ചെയ്യിക്കും.

ജോസഫില്‍ ദൈവം കൊടുത്തിരുന്നതും അവനു മറവായിരുന്നതുമായ സ്വപ്ന വ്യാഖ്യാനത്തിന്റെ വരം ആദ്യമായി തുറന്നുവന്നത്‌ അവനായി അനുവദിക്കപ്പെട്ടിരുന്ന ആ താല്‍ക്കാലിക തടവറ മുറിയില്‍ ആയിരുന്നു.

ദൈവം അനുവദിക്കുന്ന താല്‍ക്കാലിക കാരാഗ്രഹവാസത്തില്‍ നാമറിയാതെ നമ്മില്‍ ദൈവം ഇട്ടിരിക്കുന്ന വരങ്ങള്‍ തുറക്കപ്പെടുന്ന ഇടമായി മാറും….സഹതടവുകാരുടെ സ്വപ്നം വ്യാഖ്യാനിച്ചു തുടങ്ങിയവന്‍ അടുത്ത ദിനങ്ങളില്‍ രാജ്യം വാഴുന്ന രാജാവിന്റെ സ്വപ്ന വ്യാഖ്യാനത്തിനായി രംഗത്ത് വരികയാണ്!!

നമ്മിലെ ദൈവസാനിധ്യം അശുഭകരമായ അന്തരീക്ഷങ്ങളെ മാറ്റിമാറിക്കുന്നതാണ്. ആയതിനാല്‍ ഇപ്പോള്‍ ദൈവത്താല്‍ ആക്കിവയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങള്‍ നിലവില്‍ അങ്ങേയറ്റം മോശമാണെങ്കിലും അവയെ ചോദ്യം ചെയ്യാതെ പകരപ്പെട്ട ദൈവകൃപയോടെ അതിന്മേല്‍ പാദം ചവിട്ടുക… കാര്യങ്ങള്‍ വേഗത്തില്‍ മാറിമറിയും…!!

ദൈവമായി അനുവദിക്കുന്ന താല്‍ക്കാലിക തടവറ മുറികള്‍ക്കുള്ളില്‍പോലും നാമറിയാതെ ദൈവം കണ്ടുവച്ചിരിക്കുന്ന മഹത്തായ ഒരു പദ്ധതി നമ്മെക്കുറിച്ചുണ്ട്….തടവറ മുറികള്‍ക്കുള്ളില്‍ സ്വപ്നം വ്യാഖ്യാനിച്ചു തുടങ്ങുക…നീ സ്വപ്നം വ്യാഖ്യാനിച്ചു തുടങ്ങിയാല്‍ ഫറവോനു ദൈവം അവനു പിടികിട്ടാത്തതും അവിടുത്തെ മന്ത്രവാദികള്‍ക്കും ആഭിചാരകന്മാര്‍ക്കും വ്യാഖ്യാനിക്കുവാന്‍ കഴിയാത്തതുമായ സ്വപ്നങ്ങള്‍ കൊടുക്കും….ഉടനെ നിന്നെകുറിച്ചുള്ള വര്‍ത്തമാനം കൊട്ടാരത്തില്‍ എത്തും!!

ദൈവമായി അനുവദിക്കുന്ന കാരാഗ്രഹങ്ങളെ പരിഭവം കൂടാതെ സ്വാഗതം ചെയ്യുക….അടുത്ത ദിനങ്ങളിൽ അസാധാരണ ദൈവപ്രവര്‍ത്തി കാണുവാൻ കഴിയും!