പി.സി.എൻ.എ.കെ സമ്മേളനം

ലാൻകാസ്റ്റർ: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പിസിഎൻഎകെ മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ്. നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനത്തിന് പെൻസിൽവേനിയ ലങ്കാസ്റ്റർ കൗണ്ടി ഒരുങ്ങി. 38-ാമത് കോൺഫറൻസ് ജൂൺ 29 മുതൽ ജൂലൈ 2 വരെ ലങ്കാസ്റ്റർ കൗണ്ടി കൺവൻഷൻ സെന്ററിൽ വെച്ചാണ് നടക്കുന്നത്. ‘എന്നിൽ വസിപ്പീൻ’ (യോഹന്നാൻ 15:4) എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം. നാലു പതിറ്റാണ്ട് കാലത്തെ പിസിനാക് ചരിത്രത്തിലെ ജനപങ്കാളിത്തം കൊണ്ടും ആത്മീയ അനുഗ്രഹം കൊണ്ടും ശ്രദ്ധേയമയ കോൺഫറൻസായിരുന്നു 2003-ൽ പെൻസിൽവേനിയായിൽ നടന്നത്. കത്തോലിക്ക സഭയുടെ കടന്നുകയറ്റത്തിൽ തങ്ങളുടെ ഉപദേശത്തനിമയും ജീവിതചര്യയും കാത്തു സുക്ഷിക്കാൻ യൂറോപ്പിൽ നിന്ന് കുടിയേറിയവരുടെ പിൻതലമുറക്കാരായ അമിഷ് ജനത അധിവസിക്കുന്ന ലങ്കാസ്റ്റർ കൗണ്ടിയിൽ വെച്ച് നടക്കുന്ന കോൺഫറൻസ് പ്രാർത്ഥനാപൂർവം മികച്ച ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.
കുട്ടികൾക്കായുള്ള പ്രത്യേക പ്രോഗ്രാമുകൾ, സ്പോർട്സ് മത്സരങ്ങൾ, സിമ്പോസിയം, മിഷൻ ചലഞ്ച്, സെമിനാറുകൾ, യുവജനസമ്മേളനം, സഹോദരി സമ്മേളനം, ഹെൽത്ത് സെമിനാർ, പൊതുയോഗം, ഉണർവ്വ് യോഗം തുടങ്ങി പ്രത്യേക സെക്ഷനുകൾ ഈ നാലുദിനങ്ങളിൽ നടത്തപ്പെടും. ഫിലഡൽഫിയ, ഹാരിസ്ബർഗ് വിമാനത്താവളങ്ങളിൽ നിന്ന് വാഹന ഗതാഗത സൗകര്യങ്ങൾ ക്രമീകരണം ചെയ്തിട്ടുണ്ട്. ഫിലഡൽഫിയയിൽ നിന്നുള്ള ദൂരം ഏകദേശം രണ്ട് മണിക്കൂറും ഹാരിസ്ബർഗ് വിമാനത്താവളത്തിൽ നിന്ന് മുപ്പത് മിനിറ്റുമാണ്. വാഹന ഗതാഗത സകര്യം ആവശ്യമുള്ളവർ നിങ്ങളുടെ എത്തിച്ചേരൽ, മടങ്ങി പുറപ്പെടൽ സമയം മുൻകൂട്ടി അറിയിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 267434-2006 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
മുഖ്യ പ്രാസംഗികരായ റവ. സാമുവേൽ റോഡ്രിഗീസ്, റവ. ജോഷ് ഹേറിംഗ്, റവ. എറിക്ക് പിടി, റവ. സാം മാത്യു, റവ. കെ.ജെ. തോമസ് കൂടാതെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി എത്തിചേരുന്ന കർതൃ ശുശ്രൂഷകന്മാരും വിവിധ സെഷനുകളിൽ ദൈവവചനം പ്രസംഗിക്കും. പി.സി.എൻ.എ.കെ 2023 ദേശീയ ഭാരവാഹികളായ പാസ്റ്റർ റോബി മാത്യു (കൺവീനർ), ബ്രദർ സാമുവേൽ യോഹന്നാൻ (സെക്രട്ടറി), ബ്രദർ വിൽസൻ തരകൻ (ട്രഷറർ), ബ്രദർ ഫിന്നി ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ സോഫി വർഗീസ് (ലേഡീസ് കോർഡിനേറ്റർ), രാജൻ ആര്യപ്പള്ളി മീഡിയാ കോർഡിനേറ്റർ എന്നിവരോടൊപ്പം നിലവിലുള്ള നാഷണൽ, ലോക്കൽ കമ്മിറ്റികൾ 2023 ലെ കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.