ഐ.ആർ.എ. വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ഐ.ആർ.എ. വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കറുകച്ചാൽ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ വെബ്സൈറ്റ് പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി ഡിസംബർ 23-ന് ഉദ്ഘാടനം ചെയ്തു. സുവിശേഷീകരണ ദൗത്യനിർവഹണത്തിന്റെ ഭാഗമായിട്ടാണ് ഇൻഡ്യാ റിവൈവൽ അസംബ്ലി വെബ്സൈറ്റ് തുടങ്ങുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളടക്കമുള്ള സാങ്കേതിക വിദ്യകൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ എല്ലാ ഭാഗങ്ങളും ദൈവസഭയ്ക്ക് അനുകരണീയമല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഒരു പരിധി വരെ നൂതന സാങ്കേതിക വിദ്യ നാം അവലംബിക്കേണ്ടതായിട്ടുണ്ട്. അതൊരു യാഥാർത്ഥ്യമാണ്. അത് ഉൾക്കൊണ്ട് സുവിശേഷീകരണം എന്ന ദൗത്യ നിർവഹണത്തിന് പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തത്-പാസ്റ്റർ മാത്യൂസ് ഇട്ടി പറഞ്ഞു. ഐ.ആർ.എ. എക്സി. അംഗം പാസ്റ്റർ ജേക്കബ് ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സഭാ ജനറൽ സെകട്ടറി പാസ്റ്റർ പി.സി. ജേക്കബ് ആദ്ധ്യക്ഷ്യം വഹിച്ചു. ബ്രദർ എം.ജെ. ബാബു ഗാനശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ വർഗീസ് പി.ജോസഫ് സ്വാഗതം പറഞ്ഞു. ബ്രദർ തോമസ് അലക്സാണ്ടർ യു.എസ്.എ (ഡയറക്ടർ, ഐ.ജി.എം), റവ. ബേബി മാത്യു ( ഓവസർസീയർ, ഫിലദെൽഫ്യാ ദൈവസഭ, പയ്യപ്പാടി), ബ്രദർ സജി മത്തായി കാതേട്ട് (ഓൺലൈൻ ഗുഡ് ന്യൂസ്), ബ്രദർ സന്ദീപ് വിളമ്പുകണ്ടം (ഗുഡ്ന്യൂസ് വയനാട് പ്രതിനിധി), ബ്രദർ നോബി ഇട്ടി, നിസ്സി തോമസ് (യു.എസ്. എ), പാസ്റ്റർ ടി.എസ്. പ്രേംകുമാർ (ഒഡീഷ), ഡോ. ഐഡ മാനുവെൽ (കോഴിക്കോട്), അഡ്വ. ഡെയ്സി ദാനിയേൽ, ഗോഡ്‌ലി ജോസഫ്, കെ.കെ.കുര്യാക്കോസ്, പാസ്റ്റർമാരായ സാബു എം. ജോസഫ്, ഷിബു ജോസഫ്, ഒ.എം. ജോർജ്, ബ്രദർ ജിജോ ജെയിംസ് (വെബ്‌സൈറ്റ് ഡിസൈനർ), ബ്രദർ മാർട്ടിൻ (പഞ്ചാബ്) തുടങ്ങിയവർ ആശംസകളറിയിച്ചു. സുവി. ബോസ്‌വെൽ സാം കൃതജ്ഞത പറഞ്ഞു. ഐ.ആർ.എ. വൈസ് പ്രസിഡന്റ് പാസ്റ്റർ പി. സാംകുട്ടി സമാപന പ്രാർത്ഥന നടത്തി. പാസ്റ്റർ വർഗീസ് പി.ജോസഫ്, സുവി. ബോസ്‌വെൽ സാം, സജോമോൻ സാബു എന്നിവർ നേതൃത്വം നൽകി.